മറയൂരും കടന്ന് കാന്തല്ലൂരിലേക് ഒരു യാത്ര....

ഒരുപാട് തവണ ചേട്ടൻറെ ഓഫീസ് വിശേഷങ്ങൾ കേൾക്കുന്നതിനിടയിൽ കാന്തല്ലൂർ എന്ന മനോഹരമായ ഗ്രാമത്തെക്കുറിച്ച കേട്ടിട്ടുണ്ടായിരുന്നു, എങ്കിലും അവിടേക്കു ഒരു യാത്ര ഒരുപാട് നാളുകൾക്കു ശേഷമാണ് തരപ്പെട്ടത്. ഇടുക്കിയുടെ മലയോര ടൌൺ ആയ തൊടുപുഴയിൽ താമസം തുടങ്ങിയതിൽ പിന്നെ മനോഹരമായ ഇടുക്കി ഹൈ റേഞ്ച് പ്രദേശത്തേക് പോകാൻ എനിക്ക് അധികം അവസരം ഇല്ലായിരുന്നു.. എങ്കിലും ഇത്തവണ ചേട്ടൻ വിളിച്ചപ്പോ കാന്തല്ലൂരിലേക് പോകാൻ ഞാനും തീരുമാനിച്ചു.. ചെന്നൈയുടെ ചൂടിൽ ജീവിക്കുന്ന എനിക്ക് ഒരു മാറ്റം വളരെ അത്യാവശ്യമായിരുന്നു. പറയാൻ മറന്നു, ചേട്ടൻ ജോലി ചെയ്യുന്നത് കാതനല്ലൂർ കൃഷി ഭവനിൽ ആണ്.. 

ഒരു ഞായറാഴ്ച രാവിലെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു ആ യാത്ര, ഞാൻ അവധിക്കു വേണ്ടി വീട്ടിൽ വന്ന സമയം. രാവിലെ ചേട്ടൻ ചോദിച്ചു നമുക്കു കാന്തല്ലൂർ കാണാൻ പോയാലോ എന്ന്, കൂടുതൽ ആലോചിച്ചില്ല. ബൈക്കിൽ ആണ് യാത്ര ചെയ്യാൻ തീരുമാനിച്ചത്. ഒരു പതിനൊന്നു മണിയായപ്പോൾ ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. നാലഞ്ച് മണിക്കൂർ യാത്ര ഉണ്ട്. ഏകദേശം നൂറ്റിമുപ്പത് കിലോ മീറ്റർ. സമുദ്രനിരപ്പിൽ നിന്നും അയ്യായിരത്തി ആഞ്ഞൊരരിലും മുകളിലുള്ള മനോഹരമായ ഒരു ഗ്രാമത്തിലേക്ക് .
തൊടുപുഴയിൽ നിന്നും വണ്ണപ്പുറം, ചേലച്ചുവട് വഴി കല്ലാർകുട്ടി ആണ് ഞങ്ങൾ തിരഞ്ഞെടുത്തത്. വണ്ണപ്പുറത്തുനിന്നും മുകളിലേക്കു ഹൈ റേഞ്ച് ആരംഭിക്കും, വഴിയിൽ ആണ് അധികം പ്രശസ്തമല്ലാത്ത മനോഹരമായ 'കാറ്റാടിക്കടവ് ഇക്കോ ടൂറിസം ' പദ്ധതി. ഒന്ന് രണ്ട് മലയാളം ചിത്രങ്ങൾ ഷൂട്ട് ചെയ്ത ഈ സ്ഥലം കുറച്ചു പ്രശസ്‌തമായി. മനസ്സിൽ കാന്തല്ലൂർ എന്ന മനോഹര ഗ്രാമം ആയതിനാൽ ഇടയിലുള്ള സ്ഥലങ്ങളിൽ ഞങ്ങൾ സമയം കളഞ്ഞില്ല. 

പഴയരിക്കണ്ടം, ചേലച്ചുവട്, വഴി ഞങ്ങൾ കല്ലാകുട്ടി എത്തി. കല്ലാകുട്ടി അണക്കെട്ടു പ്രശസ്തമാണ്, അത്ര വലിപ്പമില്ലാത്തതിനാൽ, ഇടക്കിടക്കു ഈ അണക്കെട്ടു തുറന്നു വിടും. 
രണ്ടുമണി ആയപ്പോൾ ഞങ്ങൾ ആനച്ചാൽ എന്ന സ്ഥലത്തെത്തി. വണ്ടി ഓടിച്ചത് ഞാൻ ആയതുകൊണ്ട് നല്ല വിശപ്പ്, ആദ്യം കണ്ട ഹോട്ടലിൽ കയറി നല്ല ഊണ് കഴിച്ചു,കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു. 
ആനച്ചാൽ കഴിഞ്ഞാൽ പിന്നെ മുന്നാറിന്റെ തുടക്കമാണ്, ദൂരെ മനോഹരമായി തേയിലത്തോട്ടങ്ങൾ കണ്ടു തുടങ്ങി, പിന്നെ അങ്ങോട്ട് കയറ്റമാണ്, ബൈക്ക് ആയതിനാൽ വല്യ ആയാസമില്ലാതെ പോകാം. ഉച്ച സമയമായിട്ടും വല്യ ചൂടില്ല. ചേട്ടൻ പറഞ്ഞു കുറച്ചു കൂടി കഴിഞ്ഞാൽ തണുപ്പാകും അതുകൊണ്ട് ഓവർ-കോട്ട് ഇടണം എന്ന്. ഞാൻ അത് കാര്യമാക്കിയില്ല. ഏകദേശം മൂന്ന് മണിയായപ്പോൾ ഞങ്ങൾ മനോഹരമായ മൂന്നാറിന്റെ മലനിരകളിൽ എത്തി. മൂന്നാർ എത്താറാകുമ്പോൾ ധാരാളം റിസോർട്ടുകൾ കാണാം, പച്ചപ്പരവതാനിക്കിടയിൽ വെള്ളനൂൽ കോർത്തപോലെ അതിനൊരു പ്രത്യേക ഭംഗി എനിക്ക് തോന്നി.. 
ദൂരെ നമുക്കു പോകേണ്ട വഴിയിലൂടെ വണ്ടികൾ ഇഴഞ്ഞു നീങ്ങുന്നത് കാണാം.. കുറച്ചുകൂടെ മുന്നോട്ടു നീങ്ങിയപ്പോൾ വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ പോകുന്നത് കണ്ടു. കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ പൈപ്പ് ലൈൻ ആണ് അത്. 
വീണ്ടും കുറച്ച മുന്നോട്ടു നീങ്ങിയപ്പോൾ കയറ്റം കഴിഞ്ഞു, മൂന്നാർ എത്തി. അത്യാവശ്യം എല്ലാ സൗകര്യവും ഉള്ള ഒരു ടൌൺ ആണ്, മലയാളവും തമിഴും കലർന്ന ഭാഷ. ഒരുപാട് ചായക്കടകൾ റോഡിൻറെ ഇരുവശങ്ങളിലും കാണാം, തണുപ്പിന്റെ ആധിക്യം ഉള്ള സ്ഥലമായതിനാലാണ് ഇത്. എനിക്കും മൂന്നാറിന്റെ തണുപ്പിൽ, കണ്ണൻ ദേവൻ ഹിൽസ് ന്റെ സ്വാദുള്ള ഒരു ചായ കുടിക്കാൻ തോന്നി, മുന്നാറിൽ ചേട്ടന് പരിചയത്തിലുള്ള ഒരു ചായക്കടയിൽ കയറി. ചേട്ടൻ അവിടെ മുന്പരിചയമുള്ള ആരുമായോ സംസാരിക്കുന്നു, ഞാൻ കയ്യിലെ ചായയുമായി വെറുതെ ഒന്ന് നടന്നു. പഴയ മൂന്നാറും, പാർക്കും, ടാറ്റ ഹോസ്പിറ്റലും ഒക്കെ നോക്കി നടക്കുന്നതിനിടയിൽ അവിടുള്ള വീടുകൾ ഒക്കെ ഈപ്പോഴും ഒരു കോളനി സംസ്കാരം കാത്തുസൂക്ഷിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. പല നാടുകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും തേയില തോട്ടം തൊഴിലിനായി വന്ന ആളുകളുടെ വീടുകൾ ആണ്. ഒരുപക്ഷെ ക്വാർട്ടേഴ്‌സുകൾ .
മൂന്നാറിന്റെ ഒരു ദൃശ്യം .
ഒരു ചൂട് ചായ കുടിച്ചതിന്റെ സന്തോഷത്തിൽ ഞങ്ങൾ യാത്ര തുടർന്നു, മുന്നാറിൽ നിന്നും ഏകദേശം അഞ്ചു കിലോമിറ്റർ യാത്ര ചെയ്താൽ പ്രശ്‌സതമായ ഇരവികുളം നാഷണൽ പാർക്ക് എത്തും. മനോഹരമായ നീലക്കുറിഞ്ഞി പൂക്കുന്ന ആനമുടി, വരയാടുകൾ ധാരാളമുള്ള പശ്ചിമ ഘട്ടം, പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നീലപ്പരവതാനി വിരിക്കുന്ന മലനിരകൾ എന്നും സഞ്ചാരികൾക്കു അത്ഭുതമാണ്. പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് മുഴുവൻ മലനിരകളിലും നീലക്കുറിഞ്ഞി ഒരുമിച്ച് പൂക്കുന്നത്. എങ്കിലും എല്ലാ വർഷവും പലയിടങ്ങളിലും നീലക്കുറിഞ്ഞി പൂക്കും. ഞങ്ങൾ ആനമുടി കാണാൻ നിന്നില്ല, പണ്ടൊരിക്കൽ രാജമലയുടെ മുകളിൽ പോയിട്ടുണ്ട്. 
രാജമല കാണാൻ വന്നവരുടെ തിരക്ക് കാരണം ഞങ്ങളുടെ യാത്ര കുറച്ചു തടസ്സപ്പെട്ടു, രാജമലയിലേക് പോകാൻ വന്നവർ വണ്ടി റോഡിൽ ഇരുവശവും ആണ് പാർക്ക് ചെയ്യേണ്ടത്, ഇത് ചെറിയ തടസ്സം ഉണ്ടാക്കുന്നതിൽ എനിക്ക് അല്പം നീരസം തോന്നി. ഞങ്ങൾ യാത്ര തുടർന്നു. വീണ്ടും ചെറിയ കയറ്റം തുടങ്ങി, റോഡ് വിജനമായി. 
അടുത്ത പ്രധാന സ്ഥലം മറയൂർ ആണ്, മറയൂരിനെക്കുറിച്ചു ഒരുപാട് കേട്ടിട്ടുണ്ട്, കേരളത്തത്തിന്റെ ചന്ദന കാടുകൾ, ചന്ദനത്തിന്റെ കലവറ, സുന്ദരമായ ഒരു താഴ്വര. അതാണ് മറയൂർ. ഞാൻ വലിയ ചന്ദനമരങ്ങൾ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. പക്ഷെ എന്നെ കൂടുതൽ ആകർഷിച്ചത് മുന്നാറിൽ നിന്നും മറയൂർ വരെ ഉള്ള വഴി ആണ്. ഉച്ചകഴിഞ്ഞ സമയമായതിനാൽ, ഇളം വെയിൽ തേയില തളിർപ്പുകൾക്കിടയിലൂടെ കടന്നു വരുന്നു, മലനിരകൾക്കിടയിൽ സൂര്യൻ പെട്ടെന്നസ്തമിക്കുന്ന പോലെ നമുക്ക് തോന്നും. 
പത്തു കിലോമീറ്ററോളം പിന്നെ ഇറക്കമാണ്, ഇടയിൽ ആനയിറങ്ങുന്ന സ്ഥലങ്ങൾ പലതും ഉണ്ട്. ചില സ്ഥലങ്ങളിൽ ബോർഡ് വെച്ചിരിക്കുന്നു. വണ്ടി നിർത്തി ഒരുപാട് സമയം ചിലവഴിക്കുന്നത് അപകടമാണെങ്കിലും ഞാനുമൊരു ഫോട്ടോ എടുത്തു. 
കാലാവസ്ഥ നന്നേ മാറിയിരിക്കുന്നു, തണുപ്പ് കൈകാലുകൾ മരവിപ്പിക്കുന്നപോലെ തോന്നുന്നുന്നു, കയ്യിൽ കരുതിയിരുന്ന ഓവർ കോട്ടും ഗ്ലൗസും ഇടേണ്ട സമയം ആയിരിക്കുന്നു എന്ന് തോന്നി. ഫോട്ടോ ഒക്കെ എടുത്തു കുറച്ചുക്കൂടെ മുൻപോട്ട് പോയി, വീണ്ടുമൊരു ചായക്കട. ഇത്തവണ ചായമാത്രം പോരാ, എന്തെകിലും ലഖു ഭക്ഷണവും കൂടെ ആകാമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. എന്റെ കാഴ്ചപ്പാടിൽ ഇടുക്കിക്കാർ ചായ വളരെ പെട്ടെന്ന് എത്ര ചൂടുണ്ടെങ്കിലും കുടിക്കുന്നവരാണ്, മുന്നാറിൻറെ തണുപ്പും കൂടി ആയപ്പോൾ കയ്യിലിരുന്ന ചായ പെട്ടെന്ന് തീർന്നു പോയപോലെ എനിക്ക് തോന്നി.
ചായയും ഇടുക്കിയുടെ സ്വന്തം ബോണ്ടയും ഒക്കെ കഴിച്ചു ഞങ്ങൾ മറയൂർ ലക്ഷ്യമിട്ടു യാത്ര തുടർന്നു. 
മറയൂർ എത്തുന്നതിനു മുൻപ് ചെക്‌പോസ്റ് ഉണ്ട്. വണ്ടികൾ നിർത്തി പരിശോധിക്കുന്നു, ബൈക്ക് ആയതിനാലും ചേട്ടൻ അതുവഴിയുള്ള സ്ഥിരം യാത്രക്കാരനായതുകാരണവും ഞങ്ങള്ക് പെട്ടെന്ന് പോകാൻ കഴിഞ്ഞു. ചെക്‌പോസ്റ് കഴിഞ്ഞു കുറച്ച ദൂരം ചെന്നാൽ ഇരുവശവും കുറച്ച വീടുകൾ ഒക്കെ ഉണ്ട്, കണ്ടാൽ ഓഫീസ് ക്വാർട്ടേഴ്‌സ് പോലെ തോന്നുന്നവ. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് റോഡിൻറെ ഇരുവശവും ഇലക്ട്രിക്ക് ഫെൻസിങ് ഇട്ടിരിക്കുന്നു. ചേട്ടനോട് ചോദിച്ചപ്പോൾ അവിടെ കാട്ടുപോത്തിന്റെ ശല്യം ഉണ്ടാകാറുണ്ടെന്നും, കൂടാതെ ചന്ദന മരങ്ങൾ സംരക്ഷിക്കാനുള്ള ഒരു വഴിയിയും കൂടെ ആണ് എന്നും അറിഞ്ഞു. ചേട്ടൻ പല തവണ അവിടെ കാട്ടുപോത്തുകളെ കാണാറുള്ളതിനാൽ ഞങ്ങൾ കുറച്ചു നേരം അവിടെ നോക്കി നിന്നു . ഒന്ന് രണ്ടു മാനുകളും കുരങ്ങുകളും അവിടെ വിലസുന്നുണ്ടായിരുന്നു. പെട്ടെന്നാണ് സമയം ശ്രദ്ദിച്ചത്, അഞ്ചര ആകാറായിരിക്കുന്നു, പെട്ടെന്നു സന്ധ്യ ആകുന്ന പോലെ തോന്നിപ്പിക്കുന്നത് ഒരുപക്ഷെ മഴമേഘ പ്രദേശമായതിനാലാവാം. ഞങ്ങൾ യാത്ര തുടർന്നു . മറയൂർ ചന്ദനക്കാടുകൾക്കിടയിലൂടെ ഉള്ള യാത്ര, അധികം വാഹനങ്ങൾ ഇല്ല. വർഷങ്ങൾ പഴക്കമുള്ള ചന്ദന മരങ്ങൾ, എത്രയോ കോടികൾ വിലമതിക്കുന്ന ഭൂപ്രകൃതി. ചന്ദന മരങ്ങൾ രജിസ്റ്റർ ചെയ്ത് നമ്പർ ഇട്ടു സംരക്ഷിക്കുന്നു. ഇടയ്ക്കു ഏറുമാടങ്ങൾ കാണാം, അതിൽ സൂക്ഷിപ്പുകാർ ഉണ്ട്. വനം വകുപ്പ് നേരിട്ട് നിയമിച്ചിരിക്കുന്ന പ്രാദേശിക തൊഴിലാളികൾ ആണ് മിക്കതും. 
കുറച്ചു ദൂരം പിന്നിട്ടപ്പോൾ മറയൂർ എത്തി, ചെറിയ ഒരു ടൌൺ . ഹോട്ടലും ചായക്കടയും തുണിക്കടയും ഒക്കെ ഉണ്ട്. ടൗണിൽ നിന്നും മുൻപോട്ടു കുറച്ചു ദൂരം പോയാൽ വഴി രണ്ടായി തിരിയും. റോഡ് തിരിയുന്നിടത്ത് ഒരു പെട്രോൾ ബങ്ക് ഉണ്ട്, ഇനി അങ്ങോട്ട് കോവിൽക്കടവ് വഴി കാന്തല്ലൂർ ആണ്. അവിടെ പെട്രോൾ കിട്ടില്ല. അതിനാൽ ഞങ്ങൾ ഫുൾ ടാങ്ക് പെട്രോൾ അടിക്കണം എന്ന് തീരുമാനിച്ചു. ബങ്ക് എത്തിയപ്പോ ഞങ്ങൾ ഞെട്ടി, പെട്രോൾ ഇല്ല എന്ന ബോർഡ്. വണ്ടി റിസേർവ് ആണ്, പിറകോട്ടു പോയാൽ പെട്രോൾ അടിക്കാൻ മൂന്നാർ വരെ പോണം. എന്തായാലും അത് നടക്കില്ല. കോവിൽക്കടവിൽ പെട്രോൾ ബങ്ക് ഇല്ല, പക്ഷെ ചില സ്ഥലങ്ങളിൽ പെട്രോൾ വിൽക്കുന്ന കടകൾ ഉണ്ട്. ആ പ്രതീക്ഷയിൽ ഞങ്ങൾ വലത്തോട്ട് തിരിഞ്ഞു യാത്ര തുടർന്നു. ഇടക്ക് ചേട്ടൻ ആരെയോ ഫോൺ വിളിച്ച പെട്രോളിന്റെ കാര്യം തിരക്കുന്നുണ്ടായിരുന്നു, ഉൾഗ്രാമമായതിനാൽ പെട്രോൾ ലഭ്യത ഒക്കെ കുറവാണ്, ആകെ ഉള്ള പെട്രോൾ ബങ്ക് പ്രതീക്ഷിച്ചു ഇനി ഒരിടത്തും പോകാൻ പാടില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു. 
കോവിൽക്കടവിലേക്കുള്ള വഴിയരങ്ങളിൽ മറയൂർ ശർക്കര വിൽക്കുന്ന ചെറിയ കടകൾ.. കരിമ്പിൻ തോട്ടങ്ങളും, ശർക്കര ഉൽപ്പാദിപ്പിക്കുന്ന ചെറിയ യൂണിറ്റുകളും കൂടെ വഴിയരികിൽ അവരുടെ കടയും അവിടുത്തെ സ്ഥിരം കാഴ്ചയാണ്. ശർക്കരയുടെ മണവും പ്രകൃതിരമണീയമായ സ്ഥലങ്ങളും, നേരം ഇരുട്ടിത്തുടങ്ങി. മറയൂർ കഴിഞ്ഞാൽ പിന്നെ അത്യാവശ്യം സാധനങ്ങളൊക്കെ വാങ്ങാൻ പറ്റുന്ന സ്ഥലം കോവിൽക്കടവാണ്. കോവിൽക്കടവിനൊരു പ്രത്യേകതയുണ്ട്, കേരളത്തിലെ നാല്പതിനാല് നദികളിൽ മൂന്ന് നദികൾ മാത്രമാണ് കിഴക്കോട്ടു ഒഴുകുന്നത്. കബനി, ഭവാനി പിന്നെ പാമ്പാർ. അതിൽ പാമ്പാർ ഒഴുകുന്നത് കോവിൽക്കടവ് വഴി ആണ്. ഇരവികുളം നാഷണൽ പാർക്കിൽ നിന്നും ഉത്ഭവിക്കുന്ന ഈ നദി തമിഴ്നാട്ടിലെത്തും. പണ്ട് പുസ്തകത്തിൽ പഠിച്ച നദികളുടെ പേരിൽ ഈ മൂന്നു നദികൾക് പ്രത്യേകതയുണ്ട് എന്ന് ടീച്ചർ പറഞ്ഞത് ഓർത്തു, കുറച്ചു നേരം ഞാനും നോക്കിനിന്നു, നമ്മുടെ പെരിയാറും ഭാരതപ്പുഴയും ഒക്കെ പോലെ അതും കാലത്തേ ശ്രദ്ധിക്കാതെ ഒഴുകുന്നു. 
പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനിടയിലും എന്റെ മനസ്സിൽ പെട്രോൾ ഇല്ല എന്ന ചിന്തയായിരുന്നു, ചേട്ടൻ എന്നെ അവിടെ നിർത്തി പെട്രോൾ അന്വേഷിക്കാൻ പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചേട്ടൻ എത്തി, വരവ് കണ്ടപ്പോൾ തന്നെ മനസ്സിലായി പെട്രോൾ കിട്ടിയിട്ടില്ല. എന്തായാലും, ഒരുപാട് ഇരുട്ടുന്നതിനു മുൻപ് കാന്തല്ലൂർ എത്തണം, വഴിയിൽ ആന ശല്യമുണ്ടെന്നു ചേട്ടൻ പറഞ്ഞു. മറയൂരിലെ പോലെ ഇലട്രിക് ഫെൻസിങ് ഒന്നും ഇല്ലാത്ത വഴികൾ. കരിമ്പിൻ തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞു കിടക്കുന്ന വഴികൾ. കോവിൽക്കടവിൽ എ ടി എം സൗകര്യം ഉണ്ട്, അത്യാവശ്യം പണം എടുത്തു. 
ഇതൊക്കെ കാണുമ്പോൾ ഞാൻ ഏതോ വനവാസത്തിനു പോകുന്ന ഒരു ഫീൽ, എ ടി എം പെട്രോൾ ഇതൊന്നും അടുത്തില്ലാത്ത ഒരു സുന്ദരമായ ഗ്രാമം അതാണ് കാന്തല്ലൂർ, ബസ് സൗകര്യം ഉണ്ട്, ദിവസവും കുറച്ചു ബസുകൾ കാന്തല്ലൂരിൽ നിന്നും ദീർഘ ദൂര സർവീസ് നടത്തുന്നുണ്ട്. എറണാകുളം ബസ് ഉണ്ട് എന്നാണ് ഞാൻ കേട്ടത്. 
കോവിൽക്കടവിൽ നിന്നും മുൻപോട്ട് പോയാൽ വീണ്ടും കാന്തല്ലൂർ വരെ കയറ്റമാണ്, ഇടയിൽ മുനിയറകൾ ഉള്ള ഒരു വലിയ പാറ ഉണ്ട്. "മുനിയറ ആനക്കോട്ട പാർക്ക്" എന്നാണ് അവിടം അറിയപ്പെടുന്നത് . മുനിമാർ തപസ്സിരുന്ന, പാറകളുടെ പാളികൾ കൊണ്ട് ഉണ്ടാക്കിയ ചെറിയ അറകൾ അവിടെ ധാരാളം ഉണ്ട്. എന്തുകൊണ്ടും സംരക്ഷിക്കപ്പെടേണ്ട ഭൂതകാലത്തിന്റെ സ്മരണകൾ. മനോഹരമായ ഒരു സ്ഥലം, അവിടെനിന്നും നോക്കിയാൽ മറയൂരിന്റെ ആകാശ ഭംഗി കാണാം, ദൂരെ കൃഷി സ്ഥലങ്ങളും, ഗ്രാമങ്ങളും ഒക്കെ ഒരുമിച്ച് ദൃശ്യമാണ്. അതിസുന്ദരമായ ഒരു സായാഹ്നം എനിക്ക് സമ്മാനിച്ച് സൂര്യൻ അസ്തമനത്തിനൊരുങ്ങുന്നു.
അവിടെനിന്നും കാന്തല്ലൂർ പത്തു കിലോമീറ്ററോളം ഉണ്ട്, ബൈക്ക് എടുത്ത് കുറച്ചു മുൻപോട്ട് നീങ്ങിയപ്പോഴാണ് അത് സംഭവിച്ചത്, വണ്ടി പെട്ടെന്നു ഓഫ് ആയി. പെട്രോൾ വളരെ കുറഞ്ഞിരിക്കുന്നു. കാഴ്ച്ചകൾ കാണുന്നതിനിടയിൽ പെട്രോൾ ഇല്ലാത്ത കാര്യം വീണ്ടും ഞാൻ മറന്നിരുന്നു. ഇനി അങ്ങോട്ട് രണ്ടു പേരെ വെച്ചു ബൈക്ക് കാന്തല്ലൂർ വരെ പോകില്ല എന്നുറപ്പായി, എങ്കിലും നാലോ അഞ്ചോ കിലോമീറ്റര് പോകും എന്ന് തോന്നി. 
എന്റെ മുഖത്തുള്ള ടെൻഷൻ ചേട്ടന്റെ മുഖത്തില്ല, അപ്പൊ മനസ്സിലായി വേറെ എന്തോ പ്ലാൻ ഉണ്ട് എന്ന്. ചേട്ടൻ അവരുടെ ഓഫീസിലുള്ള ആരോടോ പെട്രോളുമായി വരാൻ പറഞ്ഞിരിക്കുന്നു, അയാൾ കാന്തല്ലൂരിന്‌ താഴെയുള്ള ഒരു ഗ്രാമത്തിലാണ് താമസം. ഞങ്ങൾ അയാൾക്കുവേണ്ടി കാത്തു നിന്നു, മൊബൈൽ എടുത്ത് നോക്കിയപ്പോ റേഞ്ച് ഇല്ല. ചോദിച്ചപ്പോ ബി എസ് എൻ എൽ മാത്രമാണ് അവിടുത്തെ നെറ്റ്‌വർക്ക് എന്ന് മനസ്സിലായി. 
അരമണിക്കൂറോളം കഴിഞ്ഞപ്പോൾ ഒരാൾ ഒരു സ്കൂട്ടിയുമായി എത്തി, ചേട്ടന്റെ കാന്തല്ലൂർ സുഹൃത്താണ്, വന്ന ഉടനെ അയാൾ പറഞ്ഞു "രണ്ടു ദിവസമായി പെട്രോൾ ഇല്ല". അയാൾ കൊണ്ടുവന്ന വണ്ടിയിൽ അത്യാവശ്യം പെട്രോൾ ഉണ്ട്, ഞങ്ങളോട് ആ വണ്ടി എടുത്തുകൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു. പക്ഷെ അദ്ദേഹത്തിന് ഗിയർ ഉള്ള ബൈക്ക് ഓടിച്ചു ശീലമില്ല. അദ്ദേഹത്തെ വീട്ടിൽ ഇറക്കി വിട്ട് രണ്ടു വണ്ടിയുമായി പോകാൻ ഞങ്ങൾ തീരുമാനിച്ചു. ചേട്ടൻ പറഞ്ഞത് എനിക്ക് ഓർമ്മ വന്നു, വളരെ നിഷ്കളങ്കരായ ജനങ്ങൾ ആണ് കാന്തല്ലൂരിലേത്, എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സന്തോഷവാന്മാരായ ആളുകൾ. 
പെട്രോൾ കുറവുള്ള വണ്ടി ഞാൻ ഓടിച്ചു, പിന്നെ അങ്ങോട്ട് കാഴ്ചകൾ കാണുന്നതിലുപരി കാന്തല്ലൂർ എത്താനായിരുന്നു ലക്‌ഷ്യം. ടോപ് ഗിയറുകൾ തന്നെ ഉപയോഗിച്ച് വണ്ടി ഓടിച്ചു തുടങ്ങി, മൈലേജ് കിട്ടാനുള്ള എല്ലാ പ്രയോഗങ്ങളും നടത്തി ആയിരുന്നു മുന്പോട്ടുള്ള യാത്ര. നേരം നന്നേ ഇരുട്ടി. വഴി ചെറുതായിരുന്നു, നല്ല മഞ്ഞും തണുപ്പും ഉണ്ട്. ചില സ്ഥലങ്ങളിൽ ചാറ്റൽ മഴ പോലെ മഞ്ഞു വീഴുന്നു, കൈകൾ മരവിക്കുന്ന പോലെ.. പെട്ടെന്ന് മുന്നിൽ ചെറിയ ഒരു ആൾക്കൂട്ടം. നല്ല കയറ്റവും വളവും ഉള്ള സ്ഥലമാണ്, ഞങ്ങൾ വണ്ടി നിർത്തി.. ചേട്ടൻ പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു, കാര്യം തിരക്കി... സംഭവം സീരിയസ് ആണ്... ആനക്കൂട്ടം ഇറങ്ങിയിരിക്കുന്നു, വെളിച്ചം തീരെ കുറവും ചെറിയ മഴയും... വഴിയരികിൽ ഉള്ള ഒരു വീടിന്റെ വേലി തകർത്ത ഒരു കൂട്ടം ആനകൾ പോയിരിക്കുന്നു. കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം, അവരോട് ചോദിച്ചിട്ട് തന്നെ ഞങ്ങൾ മുൻപോട്ട് യാത്ര തിരിച്ചു. 
സൂക്ഷിച്ചു പോകാൻ ആരോ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു, മനസ്സിൽ പേടിയുണ്ടെങ്കിലും ബൈക്ക് ഹെഡ് ലൈറ്റ് ഫുൾ ബീം ഇട്ടു മുൻപോട്ട് നീങ്ങി. എത്രയും പെട്ടെന്ന് കാന്തല്ലൂർ എത്തണം, വഴിയിൽ ഇടക്കിടക്ക് ചില വീടുകൾ ഉണ്ട്. ചിലതൊക്കെ ഹോം സ്റ്റേ ആണ്. വഴിയിൽ ഒരു അമ്പലമുണ്ട്. അത് കഴിഞ്ഞാൽ പിന്നെ കാന്തല്ലൂർ ആണ്. ചേട്ടൻ പറഞ്ഞ അടയാളം മനസ്സിലുണ്ട്. പെട്ടെന്ന് നല്ല കയറ്റം, വണ്ടി ഇടക്കെല്ലാം മിസ്സിംഗ് കാണിക്കുന്നുണ്ട്. 

അങ്ങനെ അവസാനത്തെ വളവും കഴിഞ്ഞു ഞങ്ങൾ കാന്തല്ലൂർ എത്തിയിരിക്കുന്നു, വളരെ ചെറിയ ഒരു സ്ഥലം, ഞായറാഴ്ച ആയതിനാലും നേരം ഇരുട്ടിയതിനാലും ഒരു ടൌൺ ആണെന്ന് പോലും തോന്നുന്നില്ല. ഒന്നോ രണ്ടോ കടകൾ, ഒരു ഹോട്ടൽ ഒക്കെ ഉണ്ട്. വണ്ടി ഹോട്ടലിനു മുന്നിൽ നിർത്തി. ചേട്ടൻ സ്ഥിരം ആഹാരം കഴിക്കുന്ന കടയാണ്, മറയൂർ എത്തിയപ്പോൾ തന്നെ ചേട്ടൻ ഉടമയോട് വിളിച്ചു പറഞ്ഞിരിക്കുന്നു ആഹാരം വേണമെന്ന്. അല്ലെങ്കിൽ കട അടക്കാനുള്ള സമയമായിരിക്കുന്നു. 

നല്ല ചൂട് കഞ്ഞി ആണ് ആഹാരം. തണുപ്പുള്ള കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യമായ ആഹാരം അതാണെന്ന് എനിക്കും തോന്നി. അത്താഴത്തിനു ശേഷം ഒരു കട്ടൻ കാപ്പിയും കൂടെ ആയപ്പോ അത്യാവശ്യം ഉന്മേഷം തോന്നി. ചെറിയ തട്ടുകട പോലെ ഉള്ള ഒരു ഹോട്ടൽ ആണ്. ഒരു കുടുംബം ആണ് ഹോട്ടൽ നടത്തുന്നത്, അച്ഛനും അമ്മയും അവരുടെ കുട്ടിയും ഒക്കെ അവിടെ തന്നെ താമസം. പുറത്തേക്കിറങ്ങിയാൽ നല്ല മഞ്ഞും തണുപ്പും ഉണ്ട്. മങ്ങിയ വഴിവിളക്കിൽ കാന്തല്ലൂർ എന്ന ഗ്രാമം ഉറങ്ങാൻ തയ്യാറെടുക്കുന്നു. ഞങ്ങൾ കടക്കാരനോട് ശുഭരാത്രി പറഞ്ഞിറങ്ങി, അടുത്ത് തന്നെയാണ് ചേട്ടൻ താമസിക്കുന്ന ക്വാർട്ടേഴ്‌സ്. ഓഫീസിൽ കോമ്പൗണ്ടിൽ തന്നെ ഉള്ള ഒരു കെട്ടിടം. ഞങ്ങൾ അകത്തു കയറി, ക്വാർട്ടറിനുള്ളിലും നല്ല തണുപ്പുണ്ട്. യാത്രയുടെ ക്ഷീണവും പിന്നെ അടുത്ത ദിവസം നേരത്തെ എണീക്കാനുള്ള തീരുമാനവുമായി ഉറങ്ങാൻ തീരുമാനിച്ചു. ചേട്ടൻ മൂന്ന് കമ്പിളിപ്പുതപ്പെടുത്തു തന്നു, എന്നിട് ചിരിച്ചുകൊണ്ട് പറഞ്ഞു, ആവശ്യം വരും എന്ന്. വരാനിരിക്കുന്ന തണുപ്പിന്റെ കാഠിന്യം അപ്പോ എനിക്ക് മനസ്സിലായി. 
കാന്തല്ലൂരിന്റെ ഭംഗി കാണാൻ ഒരു രാത്രി കൂടി കാത്തിരിക്കണം. പലതരത്തിലുള്ള പഴങ്ങളും, പശ്ചിമഘട്ടത്തിന്റെ മനോഹരമായ ദൃശ്യ ഭംഗിയും, ഗ്രാമങ്ങളും, സ്ട്രോബെറി തോട്ടങ്ങളും ഒക്കെ അടുത്ത ദിവസത്തെ പ്ലാനിൽ ഉണ്ട്. എല്ലാത്തിനും മുൻപ് പെട്രോളടിക്കാൻ ഉള്ള വഴി കണ്ടുപിടിക്കണം. നേരം പെട്ടെന്നു വെളുത്തിരുന്നെങ്കിൽ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ പുതച്ചു മൂടി കിടന്നു.

Comments

Join as a footSigns Travel Writer...

Name

Email *

Message *