Get Ready for Road Trips - Things to Remember | റോഡ് യാത്രകൾ മനോഹരമാക്കുവാൻ

റോഡ് യാത്രകൾ എല്ലാവർക്കും ഒരു വേറിട്ട അനുഭവമാണ്. അത് നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ഓർമ്മകൾ നൽകുന്നു. എന്നിരുന്നാലും, റോഡ് യാത്രകൾ മറ്റുള്ള യാത്രകളെ അപേക്ഷിച്ച് കൂടുതൽ പ്ലാനിംഗും, അതോടൊപ്പം ശ്രദ്ധയും ആവശ്യമുള്ള ഒന്നാണ്, അല്ലെങ്കിൽ നമ്മൾ വളരെ ചെറിയ, എന്നാൽ ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും.
നിങ്ങൾ ബൈക്കിലോ അല്ലെങ്കിൽ കാറിലോ ദൂരയാത്ര ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില പ്രധാന ഘടകങ്ങൾ ഇതാ. ഒരുപക്ഷെ ഇത് സ്ഥിരം യാത്ര ചെയ്യുന്ന ആളുകൾക്കു പ്രധാനമായി തോന്നാതിരിക്കാം, പക്ഷെ വല്ലപ്പോഴും സ്വന്തം വണ്ടിയിൽ ദൂരയാത്രകൾ നടത്തുന്നവർക് ഇത് ഉപകാരപ്രദമായേക്കാം...

1. നിങ്ങളുടെ റൂട്ട് ഗവേഷണം നടത്തുക, ഗൂഗിൾ മാപ് ഏറ്റവും മികച്ച ഓപ്ഷനാണ്. ദൂരം കണക്കാക്കുന്നതിനു മാത്രമല്ല, റോഡിൻറെ നിലവാരം, യാത്രാ സമയം , ഏതു സമയത്തു യാത്ര ചെയ്താൽ സമയവും അതോടൊപ്പം ഇന്ധന ക്ഷമതയും ഉണ്ടാകും എന്നിങ്ങനെ നിങ്ങൾക് പല പ്രധാന കാര്യങ്ങളും ഇതിൽ നിന്നും മനസിലാക്കാം.

നിങ്ങൾ യാത്ര ചെയ്യുന്നത് പരിചിതമല്ലാത്ത പ്രദേശത്തു കൂടെ ആണെങ്കിൽ പ്രധാനമായും വീണ്ടും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, ഇതും നിങ്ങൾക് മാപ്പിൽ നിന്നും മനസിലാക്കാം...
പോകുന്ന വഴിയിൽ ഉള്ള പ്രശ്നങ്ങൾ ഒപ്പം സൗകര്യങ്ങൾ - - ഹോട്ടൽ, പെട്രോൾ പമ്പുകൾ തമ്മിലുള്ള ദൂരം, വനം, എ ടി എം, ആൾതാമസമില്ലാത്ത സ്ഥലങ്ങൾ എന്നിവ. ഇത് മനസ്സിലാക്കിയാൽ അടിയന്തിര സാഹചര്യങ്ങൾ നമുക്കു സുഗമമായി കൈകാര്യം ചെയ്യാം. അതോടൊപ്പം ഒരുപാട് പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യാം.
ഗൂഗിൾ മാപ്‌ വിവരങ്ങൾ ഒക്കെ എടുത്തതിനു ശേഷം, വേണമെങ്കിൽ ഒരു മാപ്പ് പ്രിന്റ് എടുക്കുന്നതിലും തെറ്റില്ല, കാരണം നമുക്കു മൊബൈൽ നെറ്റ്‌വർക്ക് എല്ലായിടത്തും ലഭിക്കണമെന്നില്ല. മൊബൈൽ ഓഫ്‌ലൈൻ മാപ്പ് ഡൌൺലോഡ് ചെയ്താലും ഈ പ്രശനം ഒഴിവാക്കാം.
2. അടുത്തതായി യാത്രക്ക് മുൻപുള്ള വണ്ടിയുടെ പരിപാലനമാണ്, യാത്രയുടെ ദൂരം കണക്കാക്കി, ആവശ്യമെങ്കിൽ സർവീസ് ചെയ്യുക. ഒപ്പം താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക ,
വണ്ടിയുടെ ടയർ കണ്ടിഷൻ മികച്ചതാണെന്ന് ഉറപ്പു വരുത്തുക, കാരണം ടയർ കണ്ടിഷൻ വണ്ടി എൻജിൻ സർവീസ് ന്റെ ഭാഗമല്ല. കാർ ആണെങ്കിൽ എക്സ്ട്രാ ടയർ കരുതുക.

നിങ്ങൾ യാത്ര ചെയ്യുന്ന പ്രദേശത്ത് ടയർ റിപ്പയർ കടകൾ ഇല്ലെങ്കിൽ പോലും സ്വന്തമായി ടയർ മാറ്റുവാൻ പഠിച്ചിരിക്കുക.
നൈട്രജൻ ആണ് ടയറിൽ നിറച്ചിരിക്കുന്നത് എങ്കിൽ, ദൂരയാത്രക്ക് മുൻപ് മുൻപ് ചെയ്ത മാപ്പ് അനാലിസിസ് വീണ്ടും ചിന്തിക്കുക. എല്ലായിടത്തും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ നൈട്രജൻ ഫില്ലിംഗ് ഉണ്ടാകില്ല. അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ, നൈട്രജൻ മാറ്റി സാധാരണ എയർ ഫിൽ ചെയ്യുക.

നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇന്ധന ബ്രാൻഡ് ( ഇന്ത്യൻ ഓയിൽ, Shell) ഇവയൊക്കെ പോകുന്ന വഴിയിൽ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ഒരേ ബ്രാൻഡ് ഇന്ധനം നിറക്കുന്നത് ഇപ്പോഴും നല്ലതാണ്.
വണ്ടിയിലെ ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കുക, ഇത് വണ്ടിയുടെ മൊത്തത്തിലുള്ള ഖനം കുറക്കാനും, അതുവഴി ഇന്ധന ക്ഷമത വർധിപ്പിക്കാനും കഴിയും.
വണ്ടിയിൽ മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള സൺ ഫിലിം ഒട്ടിക്കുക. ഇത് വണ്ടിയുടെ ഉൾഭാഗം ചൂടാകാതെ സൂക്ഷിക്കാനും, ഒപ്പം എയർ കണ്ടിഷൻ കുറച്ചുപയോഗിക്കാനും സഹായിക്കും.

3. വണ്ടിയുടെ കാര്യങ്ങൾ ശ്രദ്ധിച്ചതിനു ശേഷം വീണ്ടും ചില യാത്രാ കാര്യങ്ങൾ നോക്കേണ്ടതുണ്ട്,

അത്യാവശ്യത്തിനുള്ള പ്രഥമ സുസ്രൂഷ സാമഗ്രികൾ വണ്ടിയിൽ സൂക്ഷിക്കുക, വേദന സംഹാരികൾ ഒക്കെ ഉപയോഗപ്രദമാണ്, യാത്രകളിൽ നടുവേദന സാധാരണയായി വരാൻ സാധ്യതാ കൂടുതൽ ആണ്.
എമർജൻസി നമ്പറുകൾ കയ്യിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തുക, വണ്ടിയുടെ റോഡ് സൈഡ് അസ്സിസ്റ്റൻസ്, പോകുന്ന വഴിയിൽ ഉള്ള പോലീസ്, ഹോസ്പിറ്റൽ നമ്പറുകൾ എന്നിവയും കരുതാം.



4. വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്, ഇപ്പോഴും ശ്രദ്ധിക്കേണ്ടതും എന്നാൽ പലരും ചെയ്യാത്തതുമായ കാര്യമാണ് യാത്രക്ക് മുൻപുള്ള ഉറക്കം. നന്നായി ഉറങ്ങുക, യാത്രയുടെ സന്തോഷം ഉറങ്ങാൻ സമ്മതിച്ചില്ലെങ്കിൽ പോലും വിശ്രമിക്കാൻ ശ്രമിക്കുക. ദൂരയാത്രകൾ തുടങ്ങാൻ രാവിലെ നാലുമണിക്കും ആറരക്കും ഇടയിലുള്ള സമയം തിരഞ്ഞെടുക്കുക.


ഓരോ നൂറു അല്ലെങ്കിൽ നൂറ്റിയന്പത് കിലോമീറ്റർ ഇടവേളയിലും വണ്ടിക്കും നിങ്ങള്കക്കും അരമണിക്കൂർ എങ്കിലും വിശ്രമം കൊടുക്കുക. പരിചയ സമ്പന്നരായ ആളുകൾ പലപ്പോഴും ഒരുപാട് ദൂരം നിർത്താതെ ഓടിക്കാറുണ്ട്, അത് ഒഴിവാക്കേണ്ടതാണ്.
ഇടയിൽ വിശ്രമിക്കുമ്പോൾ വണ്ടി ഓഫ് ചെയ്യാതിരിക്കുക, എൻജിൻ ഓൺ ആയിരിക്കുമ്പോൾ തന്നെ തണുക്കുന്നത് എൻജിൻ ലൈഫ് നു നല്ലതാണ്. പതിനഞ്ചു മിനിറ്റ് എങ്കിലും വണ്ടി ഓഫാക്കാതെ നിർത്തുക, അതിനു ശേഷം ഓഫ് ചെയ്യുക.

ഇന്ധനം നിറക്കുമ്പോൾ മുഴുവൻ നിറക്കാതിരിക്കുക, ഇപ്പോഴും അര മുതൽ മുക്കാൽ ടാങ്ക് നിരക്കുന്നതാണ് ഉത്തമം. ഇത് വണ്ടിയുടെ ഖനം കുറക്കുകയും, അധിക ഭാരം വലിക്കാതിരിക്കാൻ വണ്ടിയെ സഹായിക്കുകയും ചെയ്യും. ഇത് നിങ്ങൾക് ഇന്ധന ക്ഷമതക്കും ഗുണകരമാകും.
വണ്ടിയോടിക്കുമ്പോൾ ധാരാളമായി ശരീരത്തിലെ ജലം നഷ്ട്ടമാകും, അതിനാൽ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.

രാത്രി പന്ത്രണ്ടു മണിക്ക് ശേഷം നിർബന്ധമായും യാത്ര നിർത്തി വിശ്രമിക്കുക, ഇത് നിങ്ങളെ ഉന്മേഷവാന്മാരായി അടുത്ത ദിവസം യാത്ര തുടരാൻ സഹായിക്കും.
റോഡ് യാത്രകൾ മനോഹരമായിരിക്കാനും ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടാക്കാൻ സഹായിക്കുന്നതുമാകണം. ഓരോ യാത്രകൾക്കും മുൻപ് നിങ്ങൾ അതിനു വേണ്ടി തയ്യാറെടുക്കാൻ ഒരു ദിവസം നിർബന്ധമായും ചിലവഴിക്കുക.
മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടാതെ ഒരുപാട് കാര്യങ്ങൾ ഒരുപക്ഷെ നിങ്ങൾക്കും നിർദേശിക്കാൻ കഴിഞ്ഞേക്കാം, യാത്രകളെ സ്നേഹിക്കുന്ന, യാത്രാ വിവരണങ്ങൾ ഇഷ്ട്ടപെടുന്ന ആളുകൾ ഉണ്ടെങ്കിൽ ഞങ്ങൾക്കൊപ്പം ചേർന്ന് എഴുതുക.

ഞങ്ങളോടൊപ്പം ചേരാൻ - https://www.footsigns.com/p/blog-page_25.html

Comments

Join as a footSigns Travel Writer...

Name

Email *

Message *